(വെയിലത്ത് പൂക്കുന്ന മരങ്ങൾ....!)
(വെയിലത്ത് പൂക്കുന്ന മരങ്ങൾ....!) .....................................................................................
ജോലിസമയം രണ്ടുമണി മുതൽ ആയതിനാൽ ഒരുമണിക്കുള്ള "കർവ്വാ " ബസ് പിടിക്കണം ("കർവ്വാ " എന്ന് പറഞ്ഞാൽ ഖത്തറിലെ പബ്ലിക് ട്രാൻസ്പോർട് ബസ് ആണ്... നാട്ടിലെ നമ്മുടെ ആനവണ്ടി പോലെ....")
ഏകദേശം അരമുക്കാൽ മണിക്കൂർ യാത്രയുണ്ട് ഞാൻ ജോലി ചെയുന്ന മാളിൽ എത്താൻ ചില ദിവസങ്ങൾ പ്രത്യേകിച്ചും വ്യാഴം വെള്ളി ദിവസ്സങ്ങളിൽ നന്നേ റോഡിൽ തിരക്കുകാരണം ഉറുമ്പിഴയുന്ന വേഗതയെ ബസിനു കാണാറുള്ളു ,ഇപ്പോൾ ഖത്തറിൽ മിക്ക സ്ഥലങ്ങളിലും വരാനിരിക്കുന്ന ഫുട്ബാൾ വേൾഡ് കപ്പിനെ സ്വീകരിക്കാനുള്ള നിർമ്മാണ പ്രവർത്തികൾ തകൃതിയായി നടക്കുകയാണ് ആയതിനാൽ രാവിലെ വന്ന വഴിയും ചില ചില ലാൻഡ്മാർക്കുകളും തിരിച്ചു പോകുമ്പോൾ അപ്പ്രതീക്ഷമാകാറുള്ളതും ഞങ്ങൾക്ക് ഒരു പുതുമയായി തോന്നാറില്ല ഇപ്പോൾ ....! ഈ സമയം ബസ് ഓടിക്കുന്ന ഡ്രൈവർ നന്നേ കഷ്ടപെടാറുണ്ട് കാരണം പെട്ടന്നുള്ള വഴിയടയ്ക്കൽ എത്തിച്ചേരേണ്ട സ്ഥലത്തേക്ക് പുതിയ പാതകൾ തപ്പിതടയേണ്ടുന്ന ഒരു ശ്രമകരമായ ജോലി ഏറ്റടുക്കേണ്ടി വരാറുണ്ട് നിർമ്മാണം നടക്കുന്നതിനാൽ അപ്ഡേറ്റ് ചെയ്യാത്ത ജി പി സ് സിസ്റ്റം ചിലപ്പോൾ വഴിയടഞ്ഞ ഏതെങ്കിലും വീട്ടുമുറ്റത്തു എത്തിക്കാറുള്ളതും പറയാതെ വയ്യല്ലോ ....! എങ്കിലും സർക്കാരിന്റെ ബസുകൾ എല്ലാം ആവിശ്യത്തിന് ശീതികരിച്ചിരുന്നതായതിനാൽ പുറത്തെ ചൂടോ പൊടിയോ ഉള്ളിലേക്ക് എത്തിനോക്കാറില്ലായിരുന്നു ....
എന്നിരുന്നാലും റൂമിൽ നിന്നും ഏകദേശം 300 മീറ്റർ മാറിയാണ് ബസ് സ്റ്റോപ്പും മെയിൻ റോഡും കടന്നുപോകുന്നത് ദോഹയിലെ മെയിൻ ബസ് സ്റ്റാൻഡും അതിനു അടുത്തായി നിലകൊള്ളുന്നു ദോഹയിലെ വളരെ പ്രധാനപ്പെട്ട തന്ത്രപരമായവ്യവസായ ബാങ്കുകൾ നിലകൊള്ളുന്ന ബാങ്ക് സ്ട്രീറ്റും ഇതിനരികിൽ തന്നെ , റൂമിൽ നിന്നും 12 .55 നു ഇറങ്ങി അഞ്ചു നിമിഷം അധികം ആയാൽ ആറു ഇതിനുള്ളിൽ ബസ് സ്റ്റോപ്പിൽ എത്താൻ കഴിയും ഈ സമയപരിധിയിൽ ആണ് ഇന്നത്തെ എന്റെ അനുഭവം ഞാൻ കുറിച്ചിടാൻ ശ്രമിക്കുന്നത് .....
ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും ബാധ്യതകളും ആയി ആണ് ഓരോ മനുഷ്യരും സ്വന്തം കുടുബവും ബന്ധങ്ങളും പെറ്റമ്മയോളം മഹത്തരമായ നാടും വിട്ടു ഏഴാംകടലിനും അക്കരെ എത്തിച്ചേരുന്നത് , പലരും ഒരുപാട് പ്രതീക്ഷയോടെ ആണ് ഗൾഫ് എന്ന മായാലോകത്തിൽ എത്തുന്നതും, പലവിധ ഏജൻറ് വഴി പലരും കടന്നു വരാറുണ്ട് ചിലപ്പോൾ എന്താണ് ജോലിയെന്നോ എന്താണ് ശമ്പളം എന്നോ പോലും ചോദിക്കാൻ അറിയാത്തവരും ഭയമുള്ളവരും ഈകൂട്ടത്തിൽ ഏറെയുണ്ടാകും വീടും പണ്ടങ്ങളും പണയം വെച്ചും, വിറ്റും കടം മേടിച്ചും ലക്ഷങ്ങൾ നൽകി തൊഴിലുനേടും അവസാനം ടിക്കറ്റ് എടുത്തു ജീവിതഭാരങ്ങളും ചുമന്നു ആകാശക്കോട്ട കെട്ടി പറന്നിറങ്ങും ...!
ചുമലിലെ ഭാണ്ഡവും മനസ്സിലെ ഭാരവുമായി നടന്നുനീങ്ങുന്ന ഓരോ കാലടികളും കണക്കുകൂട്ടലുകളുടെ പൊള്ളുന്ന പാതയോരങ്ങളിൽകൂടിയായിരുന്നു , വളരെ പ്രതീക്ഷയോടെ ഓരോകാലടികളും എയർപോർട്ട് കടന്നു പുറത്തേക്കു നീങ്ങുമ്പോൾ വിറയാർന്ന കരങ്ങളിൽ ഒരുകൈത്താങ്ങായ് ആരുംകൂടെയില്ലന്നുള്ള തിരിച്ചറിവും തിരിഞ്ഞു നടക്കാൻ കഴിയാത്ത അത്ര ഭാരം ചുമലിൽ തൂങ്ങുന്നു എന്നുള്ള ഓർമ്മയും വിറയലോടെ മുൻപോട്ടു നടത്തുന്നു ...!
ഇങ്ങനെ കടന്നുവന്നരായിരുന്നു നമ്മുടെ മുൻതലമുറക്കാരിൽ പലരും , പലരും പാതി വഴിയിൽ പിരിഞ്ഞു പോയി പൂരിഭാഗവും കൊടും ചൂടും, തണുപ്പും, പൊടിക്കാറ്റും കൊണ്ട് നാട്ടിലെ ദുരിതമെന്ന തീക്കനലോർത്തു വെന്തുരുകി ജീവിച്ചു ,അവർ കൊണ്ട വെയിലിനും അവരേറ്റ പ്രഹരത്തിനും അവരനുഭവിച്ച ദുരിതത്തിനും നമ്മൾ അറിഞ്ഞോ അറിയാതയോ പങ്കുകാരായി ,അവർ തന്ന സൗഭാഗ്യം ആയിരുന്നു പലകുടുംബങ്ങളിലും നമ്മൾ കണ്ടിരുന്ന അഹങ്കാരവും മുറുമുറുപ്പും ....!
ജീവിതം ജീവിച്ചു തീർക്കാനുള്ളത് വീട്ടുകാരോടത്തും ജനിച്ചുവീണ മണ്ണിലും ആണെന്നുള്ള ചിന്തകൾ പലപ്പോഴും ഭ്രാന്തമായ അവസ്ഥയിലേക്ക് എത്തിക്കാറുള്ളത് തന്നെയെന്നിരിക്കെ മുൻപേ കരുതിവെച്ച വർഷങ്ങളുടെ കണക്കുകൾ ഓരോ വർഷത്തിലും പുതുക്കികൊണ്ടിരിക്കും ഇനി ഒരു അഞ്ചു വർഷം കൂടി ഗൾഫിൽ നിൽക്കണം അതുകഴിഞ്ഞു നാട്ടിൽ ചെന്ന് എല്ലാരോടും ഒത്തു ജീവിക്കണം എന്നുള്ള വലിയ മോഹം നാമറിയാതെ മാറ്റപെടുന്നതും വെട്ടികീറിയ കലണ്ടറുകൾ മാറി മാറി ഭിത്തിയിൽ തൂങ്ങുമ്പോളും മാറാത്ത അക്കങ്ങളും അന്തരീക്ഷവും എന്നും മനസ്സിൽ തന്നെ കൂടിക്കൊണ്ടിരുന്നു ...
ഓടിക്കൊണ്ടിരുന്ന "കാർവ്വാ ബസിന്റെ വലിയ ചില്ലിലൂടെ പുറത്തേക്കുള്ള കാഴ്ചകൾ ചെറിയ അവ്യക്തതയോടെ ഞാൻ ശ്രദ്ധിച്ചിരുന്നു ,എന്നും പോകുന്ന വഴിയിൽനിന്നും വ്യതിചലിച്ചു ചില ഊടുവഴികളിലൂടെ ബസ് കടന്നുനീങ്ങവെ റോഡരികിലെ കൂനയുടെ അറ്റത്തു ഒരു വലിയ ചെറിയ മനുഷ്യൻ മണ്ണുനീക്കി അർബാനയിൽ ഇട്ടുകൊടുക്കുന്നതും അത് ഏറ്റു വാങ്ങി അൽപ്പം ദൂരെയുള്ള പൊടിമണ്ണിലൂടെ ഈ കൊടുംവെയിലിൽ നടന്നു നീങ്ങുന്നതും കൊണ്ടുപോയ മണ്ണുതട്ടിയിട്ടു മുഖം പോലും കാണാൻ കഴിയാത്ത രീതിയിൽ പൊടി ഉയരുന്നതും ഇടംകൈകൊണ്ടു വാപൊത്തി ചുമയ്ക്കുന്നതും ചങ്കു പിടയ്ക്കുന്ന വേദനയോടെ ഒരുമിന്നായം പോലെ ഞാൻ കണ്ടു , നേരെ നോക്കാൻ കഴിയാത്ത അത്ര ചൂടിന്റെ പ്രഹരം ആ ഉച്ചിയിലെ മുടിയെല്ലാം കരിച്ചിരുന്നു , ചൂടും പൊടിയും തിന്നുന്ന ആ മനുഷ്യനെ ഓർത്തു നീങ്ങി ..!
ഞാൻ എന്നോട് തന്നെ ചോദിച്ചു നീ കണ്ടുവോ ഈ മനുഷ്യർ എത്രമാത്രം കഷ്ടപ്പെടുന്നു, എത്രമാത്രം ദുരിതംപേറുന്നു എന്ന് , സ്വന്തം കുടുമ്പം സന്തോഷത്തോടെ ജീവിക്കാൻ, ഏറ്റെടുത്ത കടമകൾ നിറവേറ്റാൻ ,മക്കളെ പഠിപ്പിക്കാൻ , മക്കളെ കെട്ടിച്ചയക്കാൻ , രോഗശയ്യയിലായ അപ്പനമ്മമാരെ ശിശ്രൂക്ഷിക്കാൻ ,സ്വന്തം ജീവിതം മറന്നു ആരോഗ്യം വെടിഞ്ഞു എന്തും സഹിക്കുന്ന ഒരു വലിയ സമൂഹത്തെ അറിയാതെ പോകുന്നുവോ എന്ന് ? ഇവരുടെ കുടുംബങ്ങളിലെ എത്രപേർക്കറിയാം ഇവർ കഷ്ടപ്പെടുന്നത് ഇങ്ങനെയൊക്കെ ആണെന്ന് ?
പകലന്തിയോളം കഷ്ടപ്പെട്ട് നേടുന്ന മുക്കാൽ റിയാലിന്റെ ഏറ്റക്കുറച്ചിലുകൾ നോക്കി വരിയിൽ നിന്ന് പണം അയക്കുമ്പോൾ ഇവർ നേടുന്ന ഒരു സന്തോഷം ഉണ്ടല്ലോ അതാണവരുടെ ജീവിതം എന്ന് സ്വയം സാക്ഷ്യപ്പെടുത്തി നാളെയുടെ പോക്കിനായി തിളപ്പിച്ചൂറ്റിയ ചോറും ഒരു ഒഴുകറിയും കവറിൽ പൊതിഞ്ഞു വെച്ച് ഡബിൾ ഡക്കർ കട്ടിലിൽ സ്വയം ആശ്വസിച്ചുറങ്ങുന്നവരെ കാണാതെ പോകാൻ കഴിയുമോ ??
അഞ്ചു നിമിഷത്തിൽ ഞാൻ കൊണ്ട വെയിലിൽ എനിക്കുണ്ടായ ചേതോവികാരം ഇത്രത്തോളം ചിന്തിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും ആയിരുന്നു, എങ്കിൽ ദിനവും വെയിലും പൊടിയും കൊണ്ട് മരിച്ചു ജീവിക്കുന്ന ഈ ജീവിതങ്ങൾ എന്ത് പാപം ചെയ്തു മുൻജന്മ്മത്തിൽ ....???
ശരിയാണ് ഈ അനുഭവം എനിക്കോ അല്ലെങ്കിൽ മനസ്സിൽ അൽപ്പമെങ്കിലും കരുണയും സ്നേഹവും ഉള്ളവർക്ക് കണ്ടില്ല എന്ന് നടിക്കാൻ കഴിയുകയില്ല എന്നത് ഞാൻ രുചിച്ചറിഞ്ഞ സത്യം ആണ് , ഇന്നത്തെ പുതുതലമുറയും അവരെ ഊട്ടിയുറക്കുന്ന കുടുംബസ്ഥരും ഒരു നൂറുവട്ടം എങ്കിലും ചിന്തിക്കണം
ഞാൻ ചിലവഴിക്കുന്ന പണം ,അതിന്റെ മൂല്യം വില അതിന്റെ പുറകിലെ കഷ്ടപ്പാടും ദുരിതവും ഒക്കെ എത്രത്തോളം ഉണ്ടെന്നുള്ളത് ," ഗൾഫിൽ ഉലുത്തിയാൽ പണം വീഴുന്ന മരങ്ങൾ ഇല്ല എന്നതും വെള്ളമൊഴിച്ചാൽ കായ്ക്കുന്ന ചില്ലറ തൈകൾ ഞാനോ നിങ്ങളോ നട്ടുവളർത്തിയിട്ടില്ലന്നും... " ജീവിതം ഒരുമായാപ്രബഞ്ചം തീർക്കുന്ന കൗമാരപ്രായത്തിൽ കഞ്ചാവും കള്ളും വെട്ടും കുത്തും കൊലയുമായി നടക്കുന്ന ഓരോ മക്കളും അറിയണം ഞാൻ അറിയുന്ന ഈ സുഖത്തിനു രക്തം വെള്ളമായതിന്റെ മണം ഉണ്ടെന്നത് .....................
"ഒരിക്കലും ഇവർ വെയിലത്ത് പൂക്കുന്ന മരങ്ങൾ ആയിരുന്നില്ല എന്നതും."..........!
...........................................................................................................
ജോമോൻ ..................!!

Comments