(ചുക്കുകാപ്പിയും വിക്സും )
******************************************
ജോലി കഴിഞ്ഞു റൂമിലേക്ക് നടക്കുന്ന സമയം അരക്കുപ്പി വിഴുങ്ങിയ ചുമട്ടുതൊഴിലാളിയുടെ കാലുകൾ പ്രതലങ്ങളിൽ ഉറയ്ക്കാതെ വേച്ചു വേച്ചു വിറയ്ക്കുന്ന പോലെ.
നല്ല ക്ഷീണം ,ശരീരം ആസകലം ഇടിച്ചുപിഴിഞ്ഞനോവ് , മനസ്സിലും ചിന്തകളിലും മൂകതയേറുന്നു അസ്തമയസൂര്യനെ നോക്കി മുന്നോട്ടു നടക്കുമ്പോൾ കണ്ണുകളിൽ ഇരുട്ടുകയറിയപോലെ, തലയ്ക്കുമുകളിൽ തലകുനിച്ചു തെളിഞ്ഞു തുടങ്ങിയ വഴിവിളക്കുകൾ പരിഭവം ഒന്നുമില്ലാതെ പ്രകാശപൂരിതമായി ...
പതിവിലും വിപരീതമായി ഞാൻ മെല്ലെ നടന്നു ,എതിരെ വരുന്നവർ കൂടുതേടിയുള്ള കിളികളെ പോലെ ചിലച്ചുകൊണ്ടു പാഞ്ഞുപോകുന്ന കാഴ്ച്ചയിൽ എടുത്തിട്ട മണ്ണിലെ കല്ലിനുമുകളിലൂടെ നടന്നിറങ്ങി ,മഴയിൽ നനഞ്ഞുകുളിച്ചവരെ പോലെ അന്യദേശക്കാർ പലഭാഷകൾ പറഞ്ഞുകൊണ്ട് എതിരെ നടന്നടുക്കുമ്പോൾ വീശിയടിച്ചൊരാ വടക്കൻകാറ്റിൽ അന്നത്തെ അന്നംതിന്നാൻ കഷ്ട്ടപെട്ട വിയർപ്പിന്റെ ഗന്ധം ശ്വസനകോശങ്ങളെ വിളിച്ചുണർത്തി. ജീവിതം തന്ന വേഷങ്ങൾ കെട്ടിയാടുന്നവർ .... വിയർപ്പെന്നോ ഗന്ധമെന്നോ സ്വയം തിരിച്ചറിയാതെ അടിച്ചേല്പിക്കപെട്ട കടമകൾ ചെയ്തു തീർക്കുവാൻ വേണ്ടി അടിമപ്പണി ചെയ്യുന്നവർ .ജീവിതമാർഗ്ഗങ്ങൾ നിലയ്ക്കാത്ത ഓളങ്ങളിൽ ആടിയും ഉലഞ്ഞും പച്ചപ്പ് നിറഞ്ഞ ഒരു മറുകരയുടെ സാന്നിധ്യം ആഗ്രഹിക്കുമ്പോൾ വെയിലത്ത് പൂക്കുന്ന മരങ്ങളായിമാറുകയാണ് മനുഷ്യർ ....
കാഴ്ചയുടെ അവസാനം റൂമിലേക്ക് കടന്നു, മൊബൈലിൽ ചാർജ് നന്നായി കുറഞ്ഞിരിക്കുന്നു ഷൂവും സോക്സും ഊരിയെറിഞ്ഞു കാലുകഴുകി ചാര്ജറിന്റെ വാലറ്റം തിരുകി വെച്ചിറങ്ങി , നന്നായി ക്ഷീണം അനുഭവപ്പെടുന്നു രണ്ടു ദിവസം ഉറങ്ങാതെ കിടന്നവനെ പോലെ കോട്ടുവാ തള്ളി കണ്ണിലൂടെ കണ്ണുനീരൊഴുകി തുടങ്ങിയിരിക്കുന്നു ,ചാർജ് ആയ മൊബൈൽ ഇനി കുറച്ചു നേരം തിരക്കിലാണ് പ്രീയപെട്ടവരോടൊത്തുള്ള നിമിഴങ്ങൾ മണിക്കൂറുകൾ നീളും ,ജീവിതത്തിലെ ഏകാന്തതയും ഒറ്റപ്പെടലും ഗൃഹാതുരതയുമൊക്കെ കുറച്ചുനേരം മാമലകൾക്കപ്പുറം പോയി ഓടിയൊളിയ്ക്കും ...
പതിവുപോലെ പോലെ വീഡിയോ കാൾ വിളിച്ചു കുറുമ്പനായ എന്റെ കുറുമ്പൻകുട്ടി വാചാലനായിരിക്കുന്നു , പരിധികൾ ഇല്ലാതെ അവൻ അവന്റെ പ്രവർത്തനമേഖലകളെ സ്വന്തമാക്കി പറഞ്ഞുകൊണ്ടേയിരിക്കുന്നു , ഇടയ്ക്കുള്ള എന്റെ ചോദ്യങ്ങൾക്കു വളരെ ലളിതമായി രസകരമായി മറുപടി പറഞ്ഞു ചിരിച്ചുമറിയുന്നു ,അവന്റെ സംഭാഷണശൈലികൾ വളർച്ചയുടെ ഭാവപ്പകർച്ചയിൽ മാറ്റങ്ങളെ സ്വീകരിച്ചുതുടങ്ങിയിരിക്കുന്നു ,ചില വാക്കുകൾ ഒഴിച്ചാൽ എല്ലാം വ്യകതമായി അവതരിപ്പിക്കാൻ പരിശ്രമിക്കുന്ന ദിനങ്ങളിലൂടെ ഞാൻ നയിക്കപ്പെടുന്നു ,
ഇടയ്ക്കപ്പോളോ എന്നിലേക്ക് കടന്നെത്തിയ ക്ഷീണം പൂത്ത മനസ്സിൽ ഉറക്കത്തിന്റെ തിരികൾ കൊളുത്തുവാൻ തുടങ്ങിയിരിക്കുന്നു ,വഴക്കുണ്ടാക്കി മേടിച്ച ഫോണിന്റെ അങ്ങേത്തലയ്ക്കൽ അവൾ പറഞ്ഞുതുടങ്ങി ആഹാരം കഴിക്കണം ,വിക്സ് തേക്കണം നേരത്തെ കിടന്നുറങ്ങണം എല്ലാത്തിനും ശരിയെന്നു ഉത്തരം പറയുംമുന്പേ അനുവാദം ചോദിക്കാതെ ഹൃദയവാതിലടച്ചു ഉറക്കം തുടങ്ങി ,,ഇടയ്ക്കെപ്പോളോ തുറന്ന കണ്ണുകൾ ബോധരഹിതമായ മനസ്സിനെ വിളിച്ചുണർത്തി ഉമ്മകൾ പൂത്ത മരം കുലുക്കി പൂക്കൾ അവർ എനിക്ക് സമ്മാനിച്ചു .....
ആ കിടപ്പിൽ കിടന്നുമയങ്ങിപോയി ,വരുന്നവഴിയിൽ എനിക്ക് തോന്നിയ വിശപ്പിനു ആനയെ തിന്നണം എന്നുകരുതിയെങ്കിലും എന്തോ മനസ്സനുവദിച്ചില്ല , വിശപ്പ് അടങ്ങിയിക്കുന്നു ചെറിയ ചുമയും തുണ്ടവേദനയും ഏറിവരുന്നപോലെ തോന്നി ,നല്ല ഒരു കുഞ്ഞുറക്കം എന്നിൽ സമ്മാനിച്ച ഓർമ്മകൾ ഉണരുവാൻ തുടങ്ങി ...വാ എന്തെങ്കിലും കഴിക്കാം എന്ന് ഫ്രണ്ട് കാലിൽ തട്ടി വിളിച്ചു ,ഫ്രിഡ്ഡ്ജിൽ ഇരുന്ന കുത്തരിച്ചോറും നല്ല ആട്ടിൻകറിയും ചൂടാക്കി പ്ലേറ്റ് കഴുകി വെച്ചിരിക്കുന്നു ,ഇനി കഴിക്കുകതന്നെ പാതിമയക്കവും വിട്ടുമാറാത്ത നൊമ്പലവും മനസ്സിനെ അലട്ടികൊണ്ടേ ഇരുന്നു , കഴിച്ച ഉടനെ കിടക്കാൻ പാടില്ല എന്ന് പലവട്ടം പറഞ്ഞത് കേട്ടത് കൊണ്ടാവണം എന്നെ ആരോ പിടിച്ചു ടീവിയുടെ മുൻപിൽ ഇരുത്തി ....
കാലാവസ്ഥ മാറ്റം ആയിരിക്കണം എല്ലാവര്ക്കും തുണ്ടകുത്തലും ചുമയും കലശലായി മാറിയിരിക്കുന്നു ,കിടക്കയുടെ മുകളിലായി ഞാൻ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു ഇനി ഉറങ്ങണം എന്നുള്ള മട്ടിൽ ഞങ്ങളിലെ സംഭാഷണശകലം ചെന്നെത്തിയത് ചുക്കുകാപ്പിയിൽ ആയിരുന്നു :ഹാ ചുക്കുകാപ്പി നല്ലതാ ചുമയ്ക്ക് എന്ന് പറഞ്ഞതും ഈ വട്ടം കുറി എനിക്കടിച്ചിരിക്കുന്നു എന്ന് ഞാൻ സ്വയം മനസ്സിലാക്കി അധികം വാദിക്കാതെ ചുക്കുകാപ്പിയുടെ കൂട്ടുകൾ ചോദിച്ചറിഞ്ഞു അടയ്ക്കലയിലേക്കു നീങ്ങി ...
മൂന്നുഗ്ലാസ്സ് വെള്ളം പാത്രം കഴുകി ഗ്യാസടുപ്പിൽ കത്തിച്ചുവെച്ചു ,ഇനി നല്ല നാടൻ കുരുമുളക് പൊടി അര സ്പൂൺ ഇട്ടു, ചുക്ക് നോക്കിയ പാത്രത്തിൽ ചുക്ക് പോയിട്ട് ചുണ്ണാമ്പ് പോലും ഇല്ലാതിരിക്കുന്നു ,ചുക്കില്ലെങ്കിൽ എന്താ നല്ല ഇഞ്ചി ചതച്ചു അങ്ങ് ഇട്ടു വെള്ളം വെട്ടിത്തിളച്ചു തുടങ്ങിയിരിക്കുന്നു, ഓണത്തിന് പായസം ഉണ്ടാക്കിയ വകയിൽ അധികം വന്ന ശർക്കരയുടെ ഒരു നല്ല കഷ്ണം തിളച്ചവെള്ളത്തിൽ അലിഞ്ഞുചേർന്നു ,ഇടയ്ക്കു രുചിയറിയാൻ വന്നവർ പറഞ്ഞു ഏരിയില്ല കുറച്ചുകൂടി കുരുമുളക് അങ്ങനെ അവസാനം മൂന്നു സ്പൂൺ കുരുമുളകിൽ എന്റെ അദ്ധ്വാനം അവസാനിപ്പിച്ചു .....
ഞാൻ ഉണ്ടാക്കിയതുകൊണ്ടാണോ എന്നറിയില്ല കുടിച്ചിറക്കാൻ അൽപ്പം പാടായിരുന്നെങ്കിലും സംഗതി കൊള്ളാമായിരുന്നു പോകുന്ന വഴിയും വയറും നന്നായി അറിഞ്ഞു , ദശമൂലാരിഷ്ടം ഇതിനേക്കാൾ നന്നായിരുന്നു എന്ന് മനസ്സ് പറഞ്ഞു കളിയാക്കി ... ആമാശയം ആത്മാർത്ഥമായി ചുക്കുകാപ്പിയുടെ വരവിനെ സ്വീകരിച്ചു ,എന്തോ മനസ്സും ശരീരവും ഒരു ഉയർത്തെഴുനേൽപ്പിനു തയ്യാറായി മുരടിച്ച ചിന്തകളും വിചാരങ്ങളും ഈ ചൂടിൽ ഉരുകിയലിഞ്ഞു ... ഇനി ഒന്ന് സുഖമായി നിദ്രയുടെ പുറകേ പറക്കണം ,വെറുതെ കഥകൾ പറഞ്ഞും ചിരിച്ചും കളിച്ചും സ്വപ്നം കണ്ടും മയങ്ങണം , നാളെയുടെ പകലുകൾ കാത്തിരിപ്പിനായ് കാലം കാത്തുവെച്ചുവെങ്കിൽ വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ .!
*******************************
ജോമോൻ ....

Comments